നവരാത്രി

ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ്നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും,വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. ഇതോടനുബന്ധിച്ചു കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്. ഈ ദിവസങ്ങളിൽ മൂകാംബികാക്ഷേത്ര ദർശനത്തിനായി കൊല്ലൂരിലേക്ക് മലയാളികളുടെ ഒഴുക്ക് ഉണ്ടാവാറുണ്ട്. കേരളത്തിൽ കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, എറണാകുളത്തെ ചോറ്റാനിക്കര, തിരുവനന്തപുരം പൂജപ്പുര തുടങ്ങി അനേകം ക്ഷേത്രങ്ങളിൽ നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു.


കടപ്പാട്: Creative Head