ആമുഖം
സാധാരണക്കാരുടെ ഈശ്വരാരാധനയ്ക്ക് ഗുരുക്കന്മാർ തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയെടുത്ത ഉപാസന സമ്പ്രദായമാണ് ക്ഷേത്രം."ക്ഷേതയാൽ ത്രായതേ: ഇതി ക്ഷേത്രാഹ:" ക്ഷതം (നാശം/സങ്കടം) ഇവയിൽ നിന്ന് ത്രാണം ചെയ്യുവാൻ(മറികടക്കുവാൻ) സഹായിക്കുന്നത് ഏതോ അത് ക്ഷേത്രം.ലഘുവായി പറഞ്ഞാൽ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുമുള്ള പതനങ്ങളിൽ നിന്നും നമ്മളെ ഉയർത്തുന്നതാണ് ക്ഷേത്രം.
ആർഷഭാരതത്തിന്റെ പൈതൃകവും സംസ്കാരവും ക്ഷേത്രങ്ങളുമായി വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നു. ആയിരകണക്കിന് ക്ഷേത്രങ്ങൾ നിലകൊള്ളുന്ന ഭൂമികയാണ് നമ്മുടേത്. വിവിധങ്ങളും, വ്യത്യസ്തങ്ങളുമായ ആചാരക്രമങ്ങളും , പ്രതിഷ്ഠ വിശ്വാസങ്ങളും, പൂജാവിധികളും നിറഞ്ഞുനിൽക്കുന്നതാണ് നമ്മുടെ ക്ഷേത്രങ്ങൾ.ഒരേ ദേവന്റെ/ദേവിയുടെ പ്രതിഷ്ഠ ആയിരുന്നാലും ഒന്നിനൊന്നു വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നതാണ് നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങൾ;ക്ഷേത്രങ്ങൾ,അമ്പലങ്ങൾ,കാവുകൾ, ദേവസ്ഥാനങ്ങൾ,മടപ്പുരകൾ, കോട്ടങ്ങൾ ഇങ്ങനെ പ്രാദേശികമായി പലപേരിലും അറിയപ്പെടുന്നവ! ഇവയെക്കുറിച്ചൊക്കെ ലഭ്യമായിട്ടുള്ള വിവരങ്ങൾ അപൂർണ്ണവും ,അതുപോലെ തന്നെ ഇത്തരം അറിവുള്ളവർ വളരെ ചുരുക്കവും ,പ്രാദേശികവും മാത്രമാവുന്നു .
നമ്മളിൽ പലരും പല ക്ഷേത്രങ്ങളിലും ദർശനത്തിനും,വഴിപാടുകൾക്കും ,ദോഷനിവാരണത്തിനും ,ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനുമായി എത്തിച്ചേരാറുണ്ട്.എന്നാൽ ഇതിൽ ചുരുക്കം പേർക്കുമാത്രമേ ആ ക്ഷേത്രത്തെ പറ്റിയും ,അവിടുത്തെ ആചാരകർമ്മങ്ങളെ പറ്റിയുമുള്ള അറിവുകൾ ഉണ്ടാവാറുള്ളു, അതുകൊണ്ടു തന്നെ പലർക്കും ക്ഷേത്രങ്ങളിൽ എത്തിച്ചേർന്നാൽ എന്തെന്തു നിഷ്ഠകളാണ് പാലിക്കേണ്ടത് എന്നതിനെ കുറിച്ച് അവബോധം ഉണ്ടാവണമെന്നില്ല. ക്ഷേത്രസ്‌ഥാനിയന്മാർക്കോ , ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റുള്ളവർക്കോ ഭക്തർക്ക് കൃത്യമായ നിർദ്ദേശങ്ങളോ,അറിവുകളോ പകർന്നു നൽകുന്നതിന് പരിമിതികളേറെയാണ്,ആയതുകൊണ്ടുതന്നെ ദൂരദേശങ്ങളിൽ നിന്നും ക്ഷേത്ര ദർശനത്തിനെത്തിച്ചേരുന്ന ഭക്തർക്ക് തൃപ്തികരമായ ഒരു ക്ഷേത്ര ദർശനം പലപ്പോഴും അനുഭവവേദ്യമാവാറില്ല.
ഒരു ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് മുൻപ് ക്ഷേത്രത്തിന്റെ ചരിത്രം / ഐതിഹ്യം, പ്രതിഷ്ഠ സംബന്ധമായ വിവരങ്ങൾ, ആചാരാനുഷ്ഠാന ക്രമങ്ങൾ ,പൂജ / ദർശന സമയങ്ങൾ ,വഴിപാടുകൾ-ഫലങ്ങൾ(മുൻകൂട്ടി ബുക്ക് ചെയ്യേണ്ടവ ഉൾപ്പെടെ),വിശേഷദിവസങ്ങൾ-ഉത്സവങ്ങൾ,ക്ഷേത്രത്തിലെത്തിച്ചേരുവാനുള്ള വഴി,ക്ഷേത്രവുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ എന്നീ അടിസ്ഥാന വിവരങ്ങൾ ഭക്തർക്ക് അറിയുവാൻ സാധിച്ചാൽ ക്ഷേത്ര ദർശനം ഫലവത്തായിമാറും.ആധുനികയുഗത്തിൽ കാര്യങ്ങൾ ആധികാരികമായി ലഭിക്കുന്നത് ഇന്റെർനെറ്റ് വഴിയാണ്.എന്നാൽ,ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും ആധികാരികമായ വിവരങ്ങൾ ഇന്റെർനെറ്റിൽ ലഭ്യമല്ല.ഇത് ലഭ്യമാകുന്നതിലേക്കായിയുള്ള സാമ്പത്തിക ബാധ്യതയോ കൈകാര്യം ചെയ്യുന്നതിനുള്ള പ്രയാസമോ ആയിരിക്കാം പല ക്ഷേത്ര ഭാരവാഹികളേയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
ക്ഷേത്രമാഹാത്മ്യം എന്ന ഈ പോർട്ടൽ വഴി ക്ഷേത്രങ്ങളുടെ ആധികാരികമായ വിവരങ്ങൾ പൊതുസമൂഹത്തിനായി നൽകപ്പെടുന്നു,കൂടാതെ ഓരോ ക്ഷേത്രത്തിന്റെയും അനുബന്ധ വിവരങ്ങൾ കാലാനുശ്രുതമായ
വ്യതിയാനങ്ങൾ വരുത്തുവാൻ നിർണ്ണയിക്കപ്പെട്ടിട്ടുള്ള ആളുകൾക്ക് സാധിക്കുകയും ചെയ്യും.
ആചാരനിഷ്ഠാന സംബദ്ധമായ പ്രാദേശിക അറിവുകളും ,പഠനങ്ങളും ഉൾപ്പെടുത്തി വരും തലമുറയ്ക്ക് വേണ്ടിയുള്ള ഒരു കരുതിവെപ്പു കൂടിയാണ് ഈ എളിയ സംരംഭം.ഈ ഉദ്യമത്തിന്റെ വിജയത്തിനുവേണ്ടി
എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഞങ്ങൾ അഭ്യർത്ഥിക്കുകയുംകൂടി ചെയ്തു കൊണ്ട് ഇത് പൊതുസമൂഹത്തിനു വേണ്ടി സമർപ്പിക്കുന്നു.
ടീം ക്ഷേത്രമാഹാത്മ്യം.