ദേവസ്വം ബോർഡുകൾ

കേരളത്തിലെ ഹിന്ദു ദേവാലയങ്ങൾക്കും അവയുടെ ഭരണക്രമത്തിനും പൊതുവായി നല്കിയിരിക്കുന്ന നാമമാണ് ദേവസ്വം എന്നത്. ദേവന്റെ സ്വത്ത് എന്ന അർഥത്തിലാണ് 'ദേവസ്വം' എന്ന പ്രയോഗം പ്രചാരത്തിലുള്ളത്. കേരളസംസ്ഥാനം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്ന രീതിയിൽ പ്രത്യേകമായി നിലനിന്ന കാലഘട്ടം മുതൽ ക്ഷേത്രത്തെയും ക്ഷേത്ര ഭരണസംവിധാനത്തെയും സൂചിപ്പിക്കാനായി 'ദേവസ്വം' എന്ന സംജ്ഞ നിലവിലിരുന്നു. അതിപ്രാചീനകാലം മുതൽ കേരളത്തിൽ ഹൈന്ദവ ജനതയുടെ ദിനചര്യയിൽ ക്ഷേത്രദർശനത്തിന് പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. മലയാളനാട്ടിലെ ഏറ്റവും പഴക്കമുള്ള പൊതു ട്രസ്റ്റ് ക്ഷേത്രങ്ങളുൾക്കൊള്ളുന്ന ധർമസ്ഥാപനങ്ങളാണ്. ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ദേവസ്വത്തിന് വളരെ സ്വാധീനമുണ്ടായിരുന്നു. നാട്ടിൽ പ്രധാനികളും പ്രാതിനിധ്യസ്വഭാവമുള്ളവരുമായ ഊരാളരായിരുന്നു ആദ്യകാല ക്ഷേത്രങ്ങളിലെ ഭരണകർത്താക്കൾ. എന്നാൽ ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതും അവയുടെ നിലനില്പിനായി ധനവും വസ്തുവകകളും നിക്ഷേപിച്ചതും പൊതുജനങ്ങളായിരുന്നു. രാജാക്കന്മാരും പ്രഭുക്കളും ജന്മികളും വിപുലമായ തോതിൽ ഈ ട്രസ്റ്റുകൾക്ക് ധനസഹായം നല്കുകയും ഇവയെ ഭയഭക്തിബഹുമാനപുരസ്സരം സംരക്ഷിക്കുകയും ചെയ്തുവന്നു. കാലമേറെ കഴിഞ്ഞപ്പോൾ ദേവസ്വത്തിന് സമ്പത്ത് കുമിഞ്ഞുകൂടി. ക്രമേണ ഊരാളർ ഭരണാധിപന്മാർക്കുപോലും ഇടപെടാനാകാത്ത തരത്തിലുള്ള ഭരണവ്യവസ്ഥകളും നിയമാവലികളും ദേവസ്വത്തിന് ഉണ്ടാക്കുകയും മറ്റും ചെയ്തു. കാലക്രമത്തിൽ ധനദുർവിനിയോഗത്തിനും ദുർഭരണത്തിനും ഇതു വഴിതെളിക്കുകയുണ്ടായി. അങ്ങനെ വന്നപ്പോൾ ദേവസ്വത്തിനു കല്പിക്കപ്പെട്ടിരുന്ന അപ്രമാദിത്വം നഷ്ടപ്പെടുകയും രാജ്യത്തിന്റെ മേൽക്കോയ്മാധികാരമുപയോഗിച്ച് രാജാക്കന്മാർ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ചെയ്തു. തിരുവിതാംകൂറിലെ പ്രസിദ്ധമായിരുന്ന മിക്ക ദേവസ്വങ്ങളുടെയും ഭരണം ഗവണ്മെന്റ് ഏറ്റെടുത്തത് 1811-ൽ റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലഘട്ടത്തിൽ (1810-15) ആയിരുന്നു. കേണൽ മൺറോ ആയിരുന്നു മഹാറാണിയുടെ ഉപദേഷ്ടാവ്.


കടപ്പാട്: Anil Kumar T.V