പുനരുദ്ധാരണ ക്ഷേത്രങ്ങൾ

മലയാലപ്പുഴ ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആദിശക്തി മാതാവിന്റെ അത്യുഗ്രഭാവമായ ഭദ്രകാളിയാണ് "മലയാലപ്പുഴ അമ്മ". ദുർഗ്ഗ, ലക്ഷ്മീ, സരസ്വതീ (മൂകാംബിക) സങ്കല്പങ്ങളിലും ആരാധിക്കുന്നു. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്.[1] കടും ശർക്കര യോഗം കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ദ്രാവിഡ ദേവി ക്ഷേത്രങ്ങളിലെ പ്രത്യേകതയായ പൊങ്കാല ഉത്സവം ഇവിടെയും പ്രധാനമാണ്. ഇതാണ് മകരമാസത്തിലെ "മകരപൊങ്കാല". വെള്ളിയാഴ്ച ദിവസങ്ങളിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. 7 വെള്ളിയാഴ്ച തുടർച്ചയായി ദർശനം നടത്തിയാൽ ആഗ്രഹസാഫല്യവും ഐശ്വര്യവും ഉണ്ടാകും എന്ന വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്.
പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം
ശ്രീകോവിലിൽ ദേവി-ഭദ്രകാളി. ശാന്തസ്വരൂപിണിയായ ഭഗവതി വടക്കോട്ട്‌ ദർശനമേകുന്നു. കന്നിമൂലയിൽ ഗണപതിയും തൊട്ടടുത്ത്‌ ശാസ്താവും കാവിൽ നാഗരുമുണ്ട്‌. ക്ഷേത്രമുറ്റത്ത്‌ ഒരു മൂട്ടിൽ കുറെ ആലുകൾ. കൂട്ടത്തിൽ അരശുപാലയുമൊക്കെയുണ്ട്‌. തറകെട്ടി ഭദ്രമായി സൂക്ഷിച്ചിട്ടുള്ള ഇവിടെ കണ്ഠാ കർണ്ണന്റെ സാന്നിധ്യവുമുണ്ട്‌. ദേവിയുടെ സഹോദരനെന്ന്‌ സങ്കൽപം. നിത്യപൂജയുണ്ട്‌ വൈകുന്നേരമാണ്‌. ചൊവ്വ്‌, വെള്ളി, ഞായർ ദിവസങ്ങളിൽ രണ്ടുനേരം പൂജ. അന്ന്‌ പൊങ്കാലയുണ്ട്‌. കടുംപായസ്സമാണ്‌ പ്രധാന വഴിപാട്‌. ഉത്സവത്തോടനുബന്ധിച്ചുള്ള തൂക്കവും വഴിപാടാണ്‌. കുംഭമാസത്തിലാണ്‌ നേർച്ചതൂക്ക മഹോത്സവം. പൂരത്തിനു തൂക്കം വരത്തക്കവിധമാണ്‌ ദിവസം നിശ്ചയിക്കുക. പ്രസിദ്ധമായ നേർച്ചതൂക്കം ഏഴാം ദിവസമാണ്‌ .അന്ന്‌ ഉരുൾനേർച്ചയും നടക്കും. ഉത്സവത്തിന്‌ നാലാംനാൾ മുതൽ തൂക്കക്കാർ വ്രതാനുഷ്ഠാനത്തിലാകും. അപ്പോൾമുതൽ അവർ ക്ഷേത്രത്തിൽ തന്നെ കഴിയണമെന്നുണ്ട്‌. നിത്യവും നമസ്കാരംചെയ്യാറുള്ള തൂക്കവ്രതക്കാർ തൂക്കടിവസമാകുമ്പോഴേക്കും നൂറുകണക്കിന്‌ നമസ്കാരകർമ്മം നടത്തിയിരിക്കും. കുട്ടികളെ തൂക്കാൻ നേർച്ചയുള്ളവർ മകയിരം നാളിൽ ക്ഷേത്രത്തിലെത്തും. പിന്നെ പള്ളിപലകയിൽ പണംവച്ച്‌ നേർച്ച നിർവ്വഹിക്കുന്ന കാര്യം ഉറപ്പുവരുത്തും. അന്നുരാവിലെ ഉരുൾനേർച്ച നടക്കും. വൈകിട്ട്‌ നാലുമണിയോടെ ആരംഭിക്കുന്ന നേർച്ചതൂക്കം പിറ്റേന്ന്‌ വെളുക്കുന്നതുവരെ നീണ്ടുപോകും. നാലുചക്രങ്ങളിൽ ഉറപ്പിച്ച വില്ലിന്‌ മുപ്പതടിയോളം ഉയരംവരും. തൂക്കകാരന്റെ ദേഹം വില്ലിനോട്‌ ചേർത്ത്കെട്ടിയിരിക്കും. അയാൾ കുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചിരിക്കും. കുട്ടിയെയുംകൊണ്ട്‌ തൂക്കവില്ല്‌ ക്ഷേത്രത്തിന്‌ വലം വയ്ക്കും. ഒരു വില്ലിൽ രണ്ടു കുട്ടികളെ തൂക്കുന്ന പതിവുമുണ്ട്‌. ആദ്യത്തേത്‌ ക്ഷേത്രതൂക്കമാണ്‌ ഇതിനെ പണ്ടാരതൂക്കം എന്നാണ്‌ അറിയപ്പെടുന്നത്‌. ദേവീസഹായത്താൽ സന്താനഭാഗ്യമുണ്ടായാൽ ചോറൂണിനു മുൻപുതന്നെ കുഞ്ഞിന്റെ നേർച്ച തൂക്കം നിർവ്വഹിക്കുന്നു.
Top