Post Title

മാടായിക്കാവ് - തിരുവർകാട്ടുകാവ് ഭഗവതി ക്ഷേത്രം

പഴയൊരു 'കോലെഴുത്തിൽ' നിന്നും ലഭിച്ചിരിക്കുന്ന സൂചന, തിരുവർകാട്ടുകാവിലെ ഭദ്രകാളി പ്രതിഷ്ഠ നടന്നത് എ.ഡി . 344 -ൽ ആണെന്നാണ് . അന്നത്തെ കോലത്തിരി ഒരു കേരളവർമ്മയാണെന്നും സൂചനയുണ്ട് . ഈ എ.ഡി.344 - ന് വളരെ ചരിത്രപ്രാധാന്യമുണ്ട് . പ്രത്രേകിച്ചും, പ്രതിഷ്ഠകർമം നടന്നിരിക്കുന്നത് മിഥുനമാസത്തിലാണെന്നുള്ളതുകൊണ്ട്, ഈ ചരിത്ര പശ്ചാത്തലം, പ്രധാനപ്പെട്ട ഒരു ചരിത്ര സംഭവം മേലിൽ വിവരിക്കുമ്പോൾ വിശദീകരിക്കുന്നതാണ് . ഉടമസ്ഥത മാടായിക്കാവ് - തിരുവർകാട്ടുകാവ് ക്ഷേത്രം, ആദ്യ കാലത്ത് , മാടായിപ്പാറയുടെ അടുത്ത പ്രദേശമായ 'അടിത്തില 'യിലെ പ്രശസ്ത നായർ തറവാട്ടുകാരുടെ അധീനതയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ തറവാട്ടുകാർ 'അഞ്ഞൂർ നായന്മാർ ' എന്നാണറിഞ്ഞിരുന്നത് . പിൽക്കാലത്ത് ചിറക്കൽ തമ്പുരാൻ ഈ ക്ഷേത്രത്തിന്റെ ആധിപത്യം ഏറ്റെടുത്തു . ഇന്ന് , ഈ ക്ഷേത്രത്തിൽ 'ചിറയ്ക്കൽ ദേവസ്വം ' വക എന്ന് എഴുതി വച്ചിരിക്കുന്നതു കാണാം. ക്ഷേത്രം 'കിഴക്കേ നടയിൽ കിഴക്കേ അറ്റത്ത് പടർന്നു പന്തലിച്ച് തണൽ വിരിക്കുന്ന വടവ്യക്ഷം. വടക്കും തെക്കും പടിഞ്ഞാറും ഇടതൂർന്ന് വളരുന്ന കാട് . ഇവയ്ക്കിടയിൽ മാടായി ക്ഷേത്രം കിഴക്കഭിമുഖമായി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിൽ കടന്നാൽ മാടായി ക്ഷേത്രത്തിൽ ആദ്യം കാണുന്നത് ശിവന്റെ കോവിലാണ് . ഇത് ദീർഘചതുരാകൃതിയിലാണ്. ശ്രീകോവിലിനു മുന്നിൽ നമസ്കാര മണ്ഡപമുണ്ട് . നമസ്കാര മണ്ഡപത്തിൽ വടക്കു പടിഞ്ഞാറെ മൂലയിൽ ഒരു പീഠമുണ്ട് . അതിൽ പട്ട് വിരിച്ച് ഒരു വാൾ വച്ചിട്ടുണ്ട് . വെള്ളി കൊണ്ട് നിർമിതമായ തിരുവായുധമാണ് . സ്വർണം കൊണ്ട് നിർമിക്കപ്പെട്ട നാന്ദകവും ഉണ്ട്. ഉത്സവവേളകളിലും ചില പ്രത്യേക ആഘോഷ വേളകളിലും ഭഗവതിയുടെ ശീവേലി ബിംബം പുറത്തേക്ക് എഴുന്നള്ളിക്കുമ്പോൾ നാന്ദകവും അതോടൊപ്പം എഴുന്നള്ളിക്കും . ദിവസവും അത്താഴപൂജ കഴിഞ്ഞാൽ നാന്ദകവും ശ്രീകോവിലിനകത്തേക്ക് എഴുന്നള്ളിക്കുന്നു . ഭഗവതിബിംബത്തോട് ചേർത്തു വച്ചിരിക്കുന്ന സ്വർണ്ണ നാന്ദകവും ഭഗവതിയോടൊപ്പം പൂജിക്കപ്പെട്ടുന്നു . 'ശിവന്റെ ശ്രീകോവിലിന് അൽപം തെക്കുമാറിയാണ് ഭദ്രകാളിയുടെ ഗർഭഗൃഹം . ശ്രീകോവിലിന്റെ മുഖം പടിഞ്ഞാറോട്ടാണ് . ദീർഘ ചതുരാകൃതിയാണ് . ശ്രീകോവിലിൽ മൂന്ന് വിഗ്രഹങ്ങളുണ്ട് . മാടായിക്കാവിലെ ഭദ്രകാളിയുടെ വിഗ്രഹം ആസനരൂപത്തിലാണ് . അതായത് ഇരിക്കുന്ന ദേവിയാണ് . സുവർണ പീഠത്തിലിരിക്കുന്ന ദേവീവിഗ്രഹത്തിന് എട്ടടിയോളം ( 240 സെ .മീ ) ഉയരമുണ്ട്. ദിവ്യായുധങ്ങൾ ധരിച്ച എട്ടു തൃക്കരങ്ങൾ , വളഞ്ഞ കിരീടം , ചെത്തിപൂമാല , ചുവന്ന പട്ട് , സ്വർണാഭരണ വിഭൂഷങ്ങൾ , വലതുകാൽ നിലത്തു കുത്തി , ഇടതുകാൽ ദാരികാസുരനെ ചവുട്ടി , ശുലം കൊണ്ടു വധിക്കുന്ന നിലയിലാണ് പ്രതിഷ്ഠ. വിഗ്രഹം നിർമിച്ചിരിക്കുന്നത് കടുശർക്കരയോഗത്തിലാണ് . ദേവിയുടെ മൂന്ന് തരത്തിലുള്ള വിഗ്രഹങ്ങളുണ്ട് .(1 ) കടുശർക്കരയോഗത്തിൽ തീർത്ത മൂലബിംബം (2 )ലോഹത്തിൽ തീർത്ത ശീവേലി ബിംബം (3 )അഭിഷേകത്തിനുള്ള അർച്ചനാബിംബം . ശ്രീവേലി ബിംബത്തിന് എട്ട് കൈകളുണ്ട് . എന്നാൽ മൂലബിംബത്തിന്റെ 'താമസ' ഭാവമല്ല ഇതിനുള്ളത് . ഭദ്രകാളിയുടെ ശ്രീകോവിലിന് കിഴക്കു പടിഞ്ഞാറ് ദീർഘചതുരത്തിലായി വടക്കോട്ട് മുഖമുള്ള ശ്രീകോവിലിലാണ് സപ്ത മാതൃക്കൾ . ഒപ്പം വീരഭദ്രനും ഗണപതിയും . ഈ വിഗ്രഹങ്ങൾക്ക് ഏതാണ്ട് ഏഴടി പൊക്കം വരും . ശ്രീകോവിലിന്റെ പിൻചുമരിൽ രണ്ട് യക്ഷികൾ , ഭൈരവൻ , വേതാളം , വിമാനദേവതകൾ എന്നിവരുടെ ശില്പങ്ങളുണ്ട് . സപ്ത മാതൃക്കളുടെ വിഗ്രഹവും കടുശർക്കരയോഗത്തിൽ നിർമിച്ചവയാണ്. മാടായിക്കാവ് ക്ഷേത്രത്തിൽ ദാരുശില്പങ്ങളുണ്ട് . നമസ്കാര മണ്ഡപത്തിന്റെ മേൽത്തട്ടിൽ ശുംഭശുംഭന്മാരുടെ കഥയാണ് കാണുന്നത് . പൂജാരികൾ 'മാടായിക്കാവിലെ പൂജാരികൾ ശാകേതയ കർമങ്ങളുള്ള സവർണ ക്ഷേത്രങ്ങളിലെ പൂജാരിമാരായ 'പിടാരർ ' എന്നറിയപ്പെടുന്ന ' ശാകേതയ ' ബ്രാഹ്മണരാണ് . അടിച്ചു തളിക്കുന്നതും ബിംബാരാധനയ്ക്കാവശ്യമായ പൂക്കളൊരുക്കുന്നതും ഇവർ തന്നെ . മാല കോർക്കുവാനെത്തുന്നത് പയ്യന്നൂരിൽ നിന്നുള്ള നമ്പീശന്മാരാണ് . വാദ്യമൊരുക്കുന്നത് മാരാന്മാരാണ് . 'പിടാരന്മാർ ' പത്തില്ലത്തുകാരാണ് .ഇവരെ 'ശാകേതയ പൂജ ' നടത്താൻ പരശുരാമൻ നിയോഗിച്ചതാണെന്ന് ഐതിഹ്യം . മദ്യവും മാംസവും ഉപയോഗിച്ചുള്ള ശാകേതയ പൂജ നടത്തുന്ന ഇവർക്ക് മദ്യമാംസാദികൾ ഭക്ഷണത്തിനു നിഷിദ്ധമല്ല . ജനനം മുതൽ മരണം വരെയുള്ള എല്ലാ ചടങ്ങുകൾക്കും മദ്യത്തിനും മാംസത്തിനും പ്രമുഖസ്ഥാനമുണ്ട് . ജാതിശ്രേണിയിൽ താഴെയാണെങ്കിലും , ഉപനയനം , വേളി മുതലായ ഷോഡശസംസ്കാര ക്രിയകൾ പിടാരന്മാർക്കും ബാധകമാണ് . പുല പതിനൊന്നു ദിവസമാണ് . മാടായിക്കാവിലെ പിടാരന്മാർ 'പെരിഞ്ചേല്ലുർ ' (തളിപ്പറമ്പ് ) ഗ്രാമത്തിൽ നിന്നെത്തിയ നാല് ഇല്ലക്കാരാണ് . താഴത്ത് , നടുവിൽ , ആയിരംപള്ളി , ഇട്ടുമ്മൽ എന്നിവയാണ് ആ നാല് ഇല്ലക്കാർ . ഇവരെ കൂടാതെ കാണണം വീട് , പയ്യങ്ങം വീട് , പാപ്പിനി വീട് എന്ന് മൂന്ന് വീട്ടുകാർ . പിടാരൻ സമുദായത്തിൽപെട്ടവരാണെങ്കിലും ക്ഷേത്രത്തിലെ അടിച്ചുതളി നടത്തുന്നവരായതിനാൽ പൂജാരികളായ പിടാരന്മാരിൽ നിന്നും അൽപം താഴെയാണ്. പൂജാരികളിൽ വിശേഷാൽ പൂജ നടത്താൻ അധികാരമുള്ള 'മുത്ത പിടാരർ', അദ്ദേഹത്തെ സഹായിക്കുന്ന 'ഇളയ പിടാരർ ' , നിത്യപൂജാദികർമങ്ങൾ നടത്തുന്ന 'ശാന്തി' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ . ഓരോ മാസവും ഓരോ ഇല്ലക്കാർ എന്ന ക്രമത്തിൽ നാല് ഇല്ലക്കാരും പൂജ നടത്തുന്നു . ഓരോ ഇല്ലാക്കാരിലും മേൽ പറഞ്ഞ മൂന്ന് സ്ഥാനികളുണ്ട്' . 'മാടായിക്കാവിലെ ഭദ്രകാളിക്ക് 'രക്തതർപ്പണം ' ഉണ്ട്. കോഴി ബലിയാണ് മുഖൃം. ക്ഷേത്ര പരിസരത്ത് വച്ചുതന്നെ മാംസം പാകം ചെയ്ത് ഭക്തജനങ്ങൾക്ക് നിവേദ്യമായി നൽകുന്നു . ഒൗദേൃാഗികമായി ജന്തുബലിയിലൂടെയുള്ള രക്തതർപ്പണം പൂർണമായും സർക്കാർ നിരോധിച്ചിട്ടുണ്ട്' . കൊല്ലത്തിൽ ഒരു തവണ ബ്രാഹ്മണ പൂജയുണ്ട്. മാടായിക്കാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനം 'കാട്ടുമാടം ' നമ്പൂതിരിമാർക്കാണ് . കൊല്ലത്തിൽ ഒരു തവണ പൂജ നടത്തുന്നത് അവരാണ് . മിഥുനമാസത്തിൽ 13 , പ്രതിഷ്ഠാദിനത്തും നാൾ മാത്രം കാട്ടുമാടം നമ്പൂതിരി പൂജ നടത്തുന്നു. പിടാരന്മാരുടെ രാവിലത്തെ പൂജ കഴിഞ്ഞാൽ , ക്ഷേത്രം അടിച്ചു തളിച്ച് വ്യത്തിയാക്കുന്നു . അതിനുശേഷം കാട്ടുമാടം നമ്പൂതിരിയും അദ്ദേഹത്തിന്റെ പരികർമികളും ക്ഷേത്രത്തിൽ പ്രവേശിക്കുകയും പൂജകൾ നടത്തുകയും ചെയ്യുന്നു . പിന്നീട് ഉച്ചപൂജ കഴിഞ്ഞ്, കാട്ടുമാടം തിരികെ പോകുന്നു . പറഞ്ഞു കേൾക്കുന്നതിൽ നിന്നും മനസ്സിലാകുന്നത് , ക്ഷേത്രപ്രതിഷ്ഠ നടത്തിയ തന്ത്രി 'തരണനല്ലൂർ ' നമ്പൂതിരിപ്പാടാണെന്നാണ്. എന്തോ കാരണവശാൽ , ഒരു വർഷം പ്രതിഷ്ഠാദിനത്തിൽ അവർക്കെത്താൻ സാധിച്ചില്ല . അതു കാരണം അവർ തന്ത്രം കാട്ടുമാടത്തിനെ ഏൽപിക്കുകയും അതു തുടരുകയും ചെയ്തു. പ്രതിഷ്ഠാ ദിവസം , തരണനല്ലൂർ വരികയാണെങ്കിൽ , കാട്ടുമാടം തന്ത്രം ഒഴിഞ്ഞുകൊടുക്കേണ്ടി വരും . അക്കാരണത്താലാണ് കാട്ടുമാടം തന്ത്രി 'കൈവട്ട് ' എടുക്കാറില്ല എന്ന് പറയുന്നത് . ഐതീഹ്യം കോലത്തുനാട് ശതസോമൻ എന്ന രാജാവ് ഭരിക്കുന്ന കാലം . അദ്ദേഹത്തിന്റെ ഭരണം കുറെ ചെന്നപ്പോൾ രാജ്യത്ത് അതിവൃഷ്ടി , അനാവൃഷ്ടി , അപമൃത്യു , വ്യാധികൾ മുതലായവകൊണ്ട് ജനങ്ങൾ വലയാൻ തുടങ്ങി . പല സൽകർമങ്ങൾ ചെയ്തിട്ടും ഒരു ഫലവും കാണായ്കയാൽ , ധർമിഷ്ഠനയാ ശതസോമൻ വിഷാദമഗ്നനായി, ഇനി എന്തുവേണ്ടു എന്ന ചിന്തയിലാണ്ടുപോയി. അങ്ങനെയിരിക്കെ ദേശാടനത്തിനിടയിൽ അഗസ്ത്യമുനി അവിടെയെത്തി . ശതസോമൻ മഹർഷിയെ സ്നേഹാദരപൂർവ്വം സ്വീകരിക്കുകയും ഔപചാരിതകളെലാം കഴിഞ്ഞപ്പോൾ തന്റേതും തന്റെ രാജ്യത്തിന്റെയും ദുരവസ്ഥകൾ വിവരിച്ചു കേൾപ്പിക്കുകയും സഹായമഭ്യര്ഥിക്കുകയും ചെയ്തു . കൈലാസത്തിൽ പോയി പരമശിവനെ പ്രീതിപ്പെടുത്തുക മാത്രമേ ഒരു പോംവഴിയുള്ളൂയെന്നും രാജ്യത്തു സംഭവച്ചിരിക്കുന്ന അനിഷ്ടങ്ങൾ കലിദോഷം കൊണ്ടാണെന്നും അഗസ്ത്യമുനി പറഞ്ഞു. ശിവഭക്തനായ ശതസോമൻ പരമശിവനെ തപസ്സുചെയ്യുവാനായി കൈലാസത്തിലേക്ക് യാത്ര പുറപ്പെട്ടു . ഒരിക്കൽ സൂര്യഭഗവാൻ ഉഗ്രരൂപം പൂണ്ടവനായി മാറി. ദേവന്റെ തീജ്വാലകൾ പ്രപഞ്ചത്തെ വെണ്ണിറാക്കുമെന്ന അവസ്ഥയിലായി. ഭയചകിതരായ ദേവന്മാര് മഹാവിഷ്ണുവിനെ സമീപിച്ചു രക്ഷയ്ക്കായി അഭ്യർത്ഥിച്ചു. ഈ പ്രതിഭാസത്തിനു പരിഹാരം കാണാൻ തന്നെ കൊണ്ടാവില്ലെന്നും അത് പരമശിവന് മാത്രമേ സാധ്യമാകു എന്നും അവരോട് പറഞ്ഞു .. ദേവന്മാർ കൈലാസത്തിൽ ചെന്ന് പരമേശ്വരനോട് സങ്കടം ഉണർത്തിച്ചു . സൂര്യദേവന്റെ പത്നിമാരായ സംജ്ഞയ്ക്കും ഛായക്കും പോലും സൂര്യനോട് അടുക്കുവാൻ വയ്യാത്ത സ്ഥിതിവിശേഷം എത്തിയിരുന്നു.. മഹാദേവൻ സുര്യജ്വാലകളെ മൂന്ന് 'കല'കളാക്കി മാറ്റി. അനന്തരം ഈ കല കളെ ശിവലിംഗങ്ങളായി രൂപാന്തരപ്പെടുത്തി . സൂര്യൻ പൂർവസ്ഥിതി യിൽ ആയി. മഹാദേവൻ ഈ ശിവലിംഗങ്ങളെ പാർവതിക്ക് സമ്മാനിച്ചു . സന്തുഷ്ടയായ പാർവതീദേവി ഈ ശിവലിംഗങ്ങളെ നിത്യേനെ പൂജിച്ചു വന്നു. കൈലാസത്തിലെത്തിയ ശതസോമൻ ശിവനെ തപസുചെയ്ത് പ്രീതിപ്പെടുത്തി . സംപ്രീതനായ പരമശിവൻ പ്രത്യക്ഷപെട്ടപ്പോൾ ശതസോമൻ തന്റെ സങ്കടങ്ങളും അഗസ്ത്യമുനിയുടെ ഉപദേശമെന്തായിരുന്നുവെന്നും ഉണർത്തിക്കുകയും ചെയ്തു . മഹാദേവൻ പാർവതിക്കു നൽകിയ മൂന്നു ശിവലിംഗങ്ങളിലൊന്ന് കുറേക്കാലം മുൻപ് മാന്ധാതാവിന് നൽകിയിരുന്നു. പിന്നെ കുറേക്കാലം ചെന്നപ്പോൾ ഒരെണ്ണം മുചുകുന്ദനും നൽകി. പരാമഭക്തനായ ശതസോമന്റെ വിഷമം കണ്ടപ്പോൾ അവശേഷിച്ച ശിവലിംഗം ശ്രീ പരമേശ്വരൻ ശതസോമന് കൊടുത്തു . ഇതിൽ പാർവതി ക്ഷുഭിതാനായി. ശതസോമൻ ദേവീസ്തുതികൾ ചൊല്ലി പാർവതീദേവിയെ സന്തോഷിപ്പിക്കുകയും പർവ്വതീപരമേശ്വരന്മാരുടെ അനുഗ്രഹത്തോടെ വിശിഷ്ടമായ ആ ശിവലിംഗം കോലത്തുനാട്ടിലേക്ക് കൊണ്ടുവരികയും ചെയ്യ്തു .ഈ ശിവല്ലിംഗം പ്രതിഷ്ഠിക്കാൻ ശതസോമൻ തിരഞ്ഞെടുത്ത സ്ഥലം പവിത്രവും പാവനവുമായ ദേശവും പെരിഞ്ചേ ല്ലുർ ,ലക്ഷ്മിപുരം എന്നും മറ്റുമുള്ള നാമധേയങ്ങയോടുകൂടിയ തളിപ്പറമ്പായിരുന്നു. അവിടെ ക്ഷേത്രം നിർമിച്ച് യഥാവിധി പ്രതിഷ്ഠാകര്മം നടത്തി . അങ്ങനെ ക്ഷേത്രം നിർമിച്ച് പ്രതിഷ്ഠാകർമം നടത്തി . അങ്ങനെ , അതിപ്രസിദ്ധാമായാ തളിപ്പറമ്പ് ശ്രീ രാജരാജേശര ക്ഷേത്രം സ്ഥാപിതമായി . ഹിമാലയത്തിൽ , ഗംഗാനദിയുടെ തീരാത്ത് കശ്യപമഹര്ഷി തപസുചെയ്യുന്നുണ്ടായിരുന്നു . ദാരികൻ എന്നൊരു അസുരൻ മഹർഷിയെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ശാന്തസ്വഭാവിയായിരുന്ന മഹർഷി കുറേയെലാം സഹിച്ചു. അവസാനം നിവർത്തിയില്ലാതെ വന്നപ്പോൾ നീ ഒരു ശവംതീനി പിശാചായിപ്പോകട്ടെയെന്ന് ശപിച്ചു . ഭയവിഹ്വലനായിത്തീർന്ന ധാരികൻ ശാപമോക്ഷത്തിനായി കേണപേഷിച്ചു . ഭദ്രകാളി തളിപ്പറമ്പിൽ എഴുന്നള്ളുമ്പോൾ പോരിന് വിളിക്കണം . ആ യുദ്ധത്തിൽ വച്ച് നിനക്ക് ശാപമോക്ഷം കിട്ടുമെന്ന് മഹർഷി ആശ്വസിപ്പിച്ചു . മഹർഷിയുടെ നിർദ്ദേശപ്രകാരം , ധാരികൻ , തളിപ്പറമ്പിൽ അടുത്തുള്ള ഒരു ഘോരവനത്തിൽ പാർപ്പ് തുടങ്ങി . കാലം കുറച്ചു ചെന്നപ്പോൾ ഒരു ദിവസം , ദാരികന് ഭദ്രകാളി സാന്നിദ്യം മനസ്സിലാക്കി .മഹർഷി പറഞ്ഞതനുസരിച് ദേവിയെ പോരിനു വിളിക്കുകയും തുടർന്ന് ഒരു ഘോരയുദ്ധം നടക്കുകയും ചെയ്തു . ദേഹാമാസകാലം വെട്ടുകൊണ്ട് മരിക്കാറായ മാതിരി ആയപ്പോൾ കശ്യപ മഹർഷി പറഞ്ഞ കാര്യങ്ങൾ പറയുകയും ,ദാരികന് ശാപമോക്ഷം ലഭിച്ച് വീണ്ടും അസുരരൂപത്തെ പ്രാപിക്കുകയും ചെയ്തു. പരാമഭക്തനായ ശതസോമനും തളിപ്പറമ്പിൽ ഭദ്രകാളീ സാന്നിധ്യഅനുഭവപ്പെട്ടു . അദ്ദേഹം ദേവിയെ സ്തുതിക്കുകയും തന്റെ രാജവംശത്തിന്റെ കോലസ്വാരൂപത്തിന്റെ സംരക്ഷയായി തളിപ്പറമ്പിൽ തന്നെ വസിക്കണമെന്നു കേണപേക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്തു പ്രീതിയായ ഭദ്രകാളി ശതസോമനെ അനുഗ്രഹിക്കുകയും അപേക്ഷ സ്വീകരിക്കയും ചെയ്തു . അതേ തുടർന്ന് , തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരഭാഗത്ത് ഭദ്രകാളിയെ പ്രതിഷ്ഠിച്ചു . അങ്ങനെ കൊലസ്വരൂപത്തിനു വാത്സല്യനിധിയായ ഒരു 'പരദേവതയെ' ലഭിച്ച് അനുഗൃഹീതമായി . കാലം പിന്നെയും കടന്നുപോയി. ശതസോമന്റെ കാലവും കഴിഞ്ഞു. രാജാക്കന്മാരുടെ,കോലാത്തിരികളുടെ തലമുറകളും വന്നുപോയ്ക്കൊണ്ടിരുന്നു . അങ്ങനെ ഒരു സമയമെത്തിയപ്പോൾ, കേരളവർമ്മൻ എന്നൊരു രാജാവ് കോലത്തുനാട് രാജാവ്, കോലത്തിരിയായി. പരമസ്വാത്വികനും ഭക്തനുമായ ഒരു രാജയായിരുന്നു കേരളവർമ്മൻ .ഒരു ദിവസം, വെളുക്കാറായ സമയത്ത് ഒരു സ്വപ്നമുണ്ടായി. വാത്സല്യഭാവത്തിൽ ഭഗവതി ഇപ്രകാരം അരുളിച്ചെയ്തു. 'നിങ്ങളെല്ലാം എന്നെ വളരെ ഭക്തിയോടും വാത്സല്യത്തോടും നോക്കുന്നുണ്ട് . എന്നാൽ ഞാൻ ഇപ്പോഴത്തെ പൂജകൊണ്ട് തൃപ്തയല്ല. എനിക്ക് ശാക്തേയപൂജ വേണം'. ഇത്രയും പറഞ്ഞ ശേഷം, ആ ദൃശ്യം മറഞ്ഞു്പോയി . കേരളവർമ്മൻ അസ്വസ്ഥനായി എഴുന്നേറ്റു. നേരം പുലർന്ന്, ദൈനംദിന കര്മങ്ങളിലേർപ്പെട്ടപ്പോൾ താൻ വെളുപ്പിനെ കണ്ടത് ഒരു സ്വപ്നം മാത്രമാന്നെന്നും കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹത്തിന് തോന്നി . എന്നാൽ പിറ്റേന്ന് വെളുപ്പിന് ഈ സ്വപ്നം വീണ്ടും ആവർത്തിച്ചപ്പോൾ അദ്ദേഹത്തിന് പരിഭ്രമമായി. ജ്യോത്സ്യന്മാരെ വിളിച്ച് പ്രശ്നം വച്ചപ്പോൾ കണ്ടതും,ഭഗവതി ശാക്തേയപൂജ ആവശ്യപെടുന്നു എന്നാണ് .ശാക്തേയപൂജയിൽ മദ്യമാംസാദികൾ ഉപയോഗിക്കുന്നതുകൊണ്ട് , തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ വച്ച് അത് നടത്താൻ നിവർത്തിയില്ല. അതുകാരണം, അതിനായി ഒരു സ്ഥാനം കണ്ടെത്തി ക്ഷേത്രം പണിത്, ദേവിയെ അവിടെ പ്രതിഷ്ഠിച്ച്, ശാക്തേയപൂജ നടത്തേണ്ടിവരും . കേരളവർമ്മ കോലത്തിരി , ദേവിക്ക് ക്ഷേത്രം പണിയുവാൻ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുവാൻ ജ്യോത്സ്യന്മാരോട് ആവശ്യപ്പെട്ടു. അവർ എത്ര പരിശ്രമിച്ചിട്ടും ഒരു സ്ഥലം കണ്ടെത്താനായില്ല . കേരളവർമ്മ കോലത്തിരി വളരെ വിഷണ്ണനായി. ദേവിക അപ്രിയമായി വല്ലതും ചെയ്തുപോയിട്ടുണ്ടോ, ദേവി കോൽപിച്ചിരിക്കയാണോ, അതുകൊണ്ടാണോ ക്ഷേത്രം പണിയുവാനുള്ള സ്ഥലം എത്ര പരിശ്രമിച്ചിട്ടും ജ്യോത്സ്യന്മാർക്ക് കണ്ടെത്താനാകാതെ വരുന്നത്. ഇത്തരം ചിന്തകൾ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാണ്ട് അലട്ടി. ഊണും'ഉറക്കവുമില്ലാതെ ദിവസങ്ങൾ രണ്ടു കഴിഞ്ഞു . മൂന്നാം ദിവസം വെളുപ്പിനെ കോലത്തിരിക്ക് വീണ്ടും ഒരു സ്വപനമുണ്ടായി. ഒന്നുകൊണ്ടും വിഷമിക്കേണ്ട സ്ഥലം ഞാൻ കാട്ടിത്തരാം,ഇതായിരുന്നു സ്വപ്നം. രാജാവ് ഭക്തപരവശ്യനായി എന്ന് പറയേണ്ടതില്ലല്ലോ . നേരം പുലർന്നതോടെ രാജാവ് കുളിച്ച് സന്ധ്യാവന്ദനാദികളും കഴിഞ്ഞ ശേഷം ബ്രാഹ്മണശ്രേഷ്ഠരും ജോതിഷികളും നാട്ടുപ്രമാണിമാരുമൊക്കെയായി , തളിപ്പറമ്പ ശ്രീ രാജരാജക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര സമീപത്തുള്ള ഭഗവതി ക്ഷേത്രത്തിനു മുൻപിലെത്തി . തന്റെ കുടുംബ പരദേവതയായ ഭഗവതിക്ക് ശാകേതായ പൂജ നടത്തുവാൻ ആവശ്യമായ ഒരു സ്ഥലം ദേവിതന്നെ കാണിച്ചു തരണേ എന്ന പ്രാർഥനയോടെ രാജാവും പരിവാരങ്ങളും ആ ക്ഷേത്ര സന്നിധിയിൽ തന്നെ നിന്നു .പെട്ടെന്നാണ് അതു സംഭവിച്ചത് . ക്ഷേത്രനടയ്ക്ക് മുൻപിൽ നിന്നവരുടെ കൂട്ടത്തിൽ വെളിച്ചപ്പാടുമുണ്ടായിരുന്നു . പെട്ടെന്ന് അദ്ദേഹത്തിന് അനുഗ്രഹമുണ്ടാവുകയും ഉറഞ്ഞു തുള്ളി, അലർച്ചയോടെ തിടപ്പള്ളിയിലേക്ക് ഓടിക്കയറുകയും ചെയ്തു.അൽപനിമിഷങ്ങൾക്കകം കത്തിയെറിഞ്ഞുകൊണ്ടിരുന്ന ഒരു വലിയ വിറകുകൊള്ളിയുമായി ഭഗവതി നടയിലെത്തുകയും അവിടെ നിന്നും ഏഴിമലയുടെ അഗ്നികോൺ നോക്കി ആ വിറകുകൊള്ളി എറിയുകയും ചെയ്തു. ദിവ്യശക്തിയോടെ എറിഞ്ഞ ആ വിറകുകൊള്ളി, ആകാശത്തിലൂടെ പറന്ന് ഒരു കാനന മധ്യത്തിൽ ചെന്ന് പതിച്ചു.അത് വീണയുടൻ തന്നെ കാടിന് തീപിടിക്കുകയും ആ കാട്ടുതീയിൽ ചുറ്റുമുള്ള കാടെല്ലാം ഒരു ചുള്ളികമ്പുപോലും ഇല്ലാതെ വെന്തു വെണ്ണീറായി ചാരനിറം മാത്രമുള്ള ചാമ്പലിന്റെ ഒരു തടാകമായി മാറുകയും ചെയ്തു . ദൂരെ വിറകു ചെന്ന് വീഴുന്നതു കണ്ട സ്ഥലത്തുനിന്നും പുക ഉയരുന്നത് കണ്ടപ്പോൾ രാജാവും പരിവാരങ്ങളും ആ ദിക്കിനെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു . അവിടെയെത്തിയപ്പോൾ കാടെരിഞ്ഞ ചൂട് കാരണം ആ പ്രദേശത്തേക്ക് കടക്കാനാകാതെ കുറച്ച് ദിവസങ്ങൾ കാത്തിരിക്കേണ്ടിവന്നു'. ചൂടെല്ലാം ആറിക്കഴിഞ്ഞപ്പോൾ , കത്തിച്ചാമ്പലായ ആ വാനപ്രദേശത്തു പ്രവേശിച്ച് നടക്കാൻ തുടങ്ങി . അൽപം മുൻപോട്ടുപോയപ്പോൾ ആ ചാമ്പൽ തടാകത്തിൽ കത്തിക്കരിയാതെ കൃഷ്ണവർണത്തിൽ കിടന്നിരുന്ന ഏകവസ്തു, വെളിച്ചപ്പാട് എറിഞ്ഞ ആ വിറകുകൊള്ളിയായിരുന്നു . ക്ഷേത്രം പണിയേണ്ട സ്ഥാനം അതെന്നെന്നും അത് ദേവിതന്നെ കാട്ടിത്തന്ന സ്ഥാനമാണെന്നും രാജാവിനും പരിവാരങ്ങൾക്കും മനസിലായി . അതേ തുടർന്ന് അവിടെ ക്ഷേത്രം പണിയുകയും തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തിൽ നിന്നും ദേവിയെ ആവാഹിച്ച് വനമധ്യത്തിൽ നിർമിച്ച പുതിയ ക്ഷേത്രത്തിൽ ഭഗവതിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. 'വിറക് ' വെളിച്ചപ്പാടിന് അനുഗ്രഹം കിട്ടിയതിനു ശേഷം എടുത്ത വിറക്ക് , ദേവി തന്നെ എടുത്ത വിറക് അതുകൊണ്ട് 'തിരുവിറക് '. തിരുവിറക് കാട്ടിയ സ്ഥാനത്തു പണിത ക്ഷേത്രമായതിനാൽ ക്ഷേത്രത്തിന് 'തിരുവിറക് കാട്ടിയ കാവ് ' എന്ന നാമധേയം ലഭിക്കുകയും പ്രസിദ്ധമാവുകയും ചെയ്തു. തലമുറകളിൽക്കൂടി കടന്നുവരുമ്പോൾ നാമങ്ങളുടെ ശബ്ദരൂപങ്ങൾക്ക് വ്യത്യാസം വരുന്നത് സാധാരണയാണല്ലോ . ഇന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നത് . 'തിരുവർകാട്ടുകാവ് ', 'തുരുവിറകട്ട് കാവ് ' എന്ന പേരുകളിലാണ്. മടായി ദേശത്തു സ്ഥതിചെയ്യുന്നതുകൊണ്ട് 'മാടായിക്കാവ് ' എന്ന പേരിലും പ്രസിദ്ധമാണ്

2955   Views

Image Gallery

Video Gallery

  • വഴിപാട് വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന വഴിപാടുകളുടെ വിവരങ്ങൾ

    ശത്രുസംഹാരഹോമം 250
    നെയ്‌വിളക്ക് 15
    എണ്ണവിളക്ക് 10
    പുഷ്പാഞ്ജലി 10
    രക്തപുഷ്പ്പാഞ്ജലി (ചെറുത്) 15
    രക്തപുഷ്പ്പാഞ്ജലി (വലുത്) 25
    ശത്രുസംഹാരപൂജ 150
    പായസം 30
    ഗുരുസി 100
    നാവും കൊടിയാക്കിലയും 15
  • പൂജാ സമയങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പൂജകളുടെ സമയ വിവരങ്ങൾ

    നടതുറക്കൽ 5:45 AM
    ഉഷപൂജ 6:00 AM
    നടയടക്കൽ 8:30 AM
    ഉച്ചപൂജ 11:30 AM
    നടയടക്കൽ 12:15 PM
    നടതുറക്കൽ 6:15 PM
    ദീപാരാധന 7:00 PM
    അത്താഴപൂജ 7:30 PM
    നടയടക്കൽ 8:30 PM
  • പ്രത്യേക പൂജകൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പൂജകൾ വിവരങ്ങൾ

  • ഉത്സവ വിവരങ്ങൾ

    അമ്പലത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ

    പൂര മഹോത്സവം 04-01-2018
    പ്രതിഷ്ഠ ദിന ഉത്സവം 25-04-2018
    കളിയാട്ടം 05-01-2018
    പൂര മഹോത്സവം 12-03-2019 മുതൽ20-03-2019 വരെ